സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് എന്നെ കടന്നാക്രമിക്കുന്നത്: ഊര്‍മ്മിള ഉണ്ണി

അമ്മയുടെ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ തന്നെ തെറ്റുകാരിയാക്കി ചിത്രീകരിക്കുകയാണെന്നും സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ കടന്നാക്രമിക്കുന്നതെന്നും വ്യക്തമാക്കി നടി ഊര്‍മ്മിള ഉണ്ണി. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യോഗത്തില്‍ നടന്നതിനെ കുറിച്ച് ധാരണയില്ലെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു.

ഊര്‍മ്മിള ഉണ്ണിയുടെ വാക്കുകളിലേയ്ക്ക്-

ഒരു കുന്നോളം നല്ല കാര്യങ്ങള്‍ ചെയ്താലും കുന്നിക്കുരുവോളം തെറ്റ് ചെയ്താല്‍ മതി ആള്‍ക്കാര്‍ക്ക് കുറ്റം കണ്ടുപിടിക്കാന്‍. എന്നെ തെറ്റുകാരിയാക്കി ചിത്രീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. മുന്‍കൂട്ടി ഉറപ്പിച്ച മട്ടിലാണ് ചിലര്‍ അജണ്ടകള്‍ നടപ്പാക്കുന്നത്. ദിലീപിന്റെ തിരിച്ചുവരവിനെ സംബന്ധിച്ച് യോഗത്തില്‍ ചോദിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളിലും മറ്റും വന്നത് ഓരോരുത്തരുടെയും ഭാവനയില്‍ ഉണ്ടായ കാര്യങ്ങളാണ്.

എന്നെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ ചിന്തിക്കും ആള്‍ക്കാര്‍ക്ക് വേറൊരു പണിയും ഇല്ലല്ലോ, എന്താണ് ഒരാളെ കരിവാരി തേച്ചിട്ട് ഇത്ര അത്യാവശ്യം. അതിന്റെ ഒരു വിഷമം ഉണ്ടാക്കിയിട്ടുണ്ട്. മാനസികമായും ബുദ്ധിമുട്ടുണ്ടാക്കി. ഒരു സ്ത്രീ കൂടി അല്ലേ ഞാന്‍, ഒരു സെക്കന്‍ഡ് എങ്കിലും വേദനിക്കാതിരിക്കില്ലല്ലോ…?

കാര്യങ്ങള്‍ അറിയാതെയാണ് മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്നത്. അതൊക്കെ കാണുമ്പോള്‍ കഷ്ടം തോന്നുന്നു. അദ്ദേഹം വളരെ സൗമ്യനാണ് ഇങ്ങനെയുള്ള കാര്യത്തിന് പ്രതികരിക്കുക കൂടിയില്ല. അദ്ദേഹത്തിന്റെ നാവില്‍ നിന്ന് ഒരു വാക്ക് വീഴണമെങ്കില്‍ തന്നെ രണ്ട് പ്രാവിശ്യം ചോദിക്കണം. ഇത് അമ്മയെ മന:പൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമമാണ്.

error: Content is protected !!