ആസ്വാദനം: തൂവാനത്തുമ്പികള്‍

ഓരോ വര്‍ഷവും എത്രയെത്ര സിനിമകളാണ് സിനിമാകൊട്ടകകളില്‍ കൂവലും,കയ്യടികളും ഏറ്റുവാങ്ങി വന്നു പോകുന്നത്.സിനിമാ ആസ്വാദന നിലവാരം തന്നെ മാറിയിരിക്കുന്ന ഈ കാലത്ത് അപൂര്‍വ്വമായാണ്‌ കലാമൂല്യമുള്ള നല്ല സിനിമകള്‍ തന്നെ പിറവിയെടുക്കുന്നത്.അങ്ങിനെയുള്ള സിനിമകള്‍ക്ക് പ്രേക്ഷകര്‍ കുറയുന്നതും വാണിജ്യപരമായി വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനാലും നിര്‍മ്മാതാവിനെയും സംവിധായകനെയും മറ്റൊരു സംരംഭത്തില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നു.അത്തരത്തില്‍ നിരവധി സിനിമകള്‍ നമുക്ക് നഷ്ടമായിട്ടുണ്ട്..ഭരതനും,പത്മരാജനും,ലോഹിതദാസും മലയാളികള്‍ക്ക് സമ്മാനിച്ച നിരവധി ചിത്രങ്ങളുണ്ട്..സാമ്പത്തികമായി പരാജയപ്പെടുകയും എന്നാല്‍ കലാമൂല്യം കൊണ്ട് ശ്രദ്ധിക്കപ്പെടുകയും ചെയ്ത നിരവധി സിനിമകള്‍ സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ചാണ് ഇവര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

കാല്പനികതയെ സിനിമയിലൂടെ അത്ഭുതമാക്കി പ്രേക്ഷകനെ സ്വപ്നസഞ്ചാര ലോകത്ത് കൂട്ടികൊണ്ട് പോകുന്നതില്‍ വിജയിച്ച എഴുത്തുകാരനും സംവിധായകനുമായിരുന്നു പി.പത്മരാജന്‍.അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന തൂവാനത്തുമ്പികള്‍ എനിക്കെന്നും പ്രിയപ്പെട്ട ഒരു സിനിമയാണ്.
ഓരോതവണ കാണുമ്പോഴും എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒരു സിനിമ..
ഞാനിപ്പോള്‍ പ്രവാസിയാണ്..ഈ കുറിപ്പെഴുതുമ്പോള്‍ ഇവിടെ മണലാരണ്യത്തില്‍ ഇപ്പോള്‍ മഴയാണ്.രാവിലെ തുടങ്ങിയ മഴ ഇതുവരെ തോര്‍ന്നിട്ടില്ല.മഴത്തുള്ളികളുടെ കിലുക്കം ക്ലാരയുടെ ചിരിപോലെ ചുറ്റും വീണു ചിതറുന്നു .അതിനിടയിലൂടെ മഴയെ പ്രണയിച്ച പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍ ജയകൃഷ്ണനിലൂടെ കുറിച്ചിട്ട വരികള്‍ കൂടി മനസ്സിലേക്ക് ഓടിയെത്തി..
”ഞാന്‍ അവള്‍ക്ക് ആദ്യമായി എഴുതുമ്പോള്‍ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.
ഞാന്‍ അവളെ ആദ്യമായി കാണുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു…”

പത്മരാജനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ പോലും മഴയുടെ സാന്നിധ്യമാണ്. ഇതെഴുതുമ്പോള്‍ ഞാന്‍ കാണുന്ന മഴ ക്ലാരയാണെന്നും ഞാനറിയുന്നു..!!
അതെ,മലയാളസിനിമയില്‍ ഒരേയൊരു ഗന്ധര്‍വനെയുള്ളൂ.സിനിമാപ്രേമികള്‍ അന്നും,ഇന്നും,എന്നും ഹൃദയത്തോട് ചേര്‍ത്തുവച്ചിട്ടുള്ള പി.പത്മരാജന്‍ എന്ന ഗന്ധര്‍വന്‍….., കാല്പനികതയുടെ മനോഹാരിത നിറഞ്ഞ അദ്ദേഹത്തിന്റെ മാന്ത്രിക തൂലികയില്‍ പിറന്ന തൂവാനത്തുമ്പികള്‍ എന്ന സിനിമ ഒരു കവിത പോലെ മനോഹരമാണ്.

തന്‍റെ തന്നെ നോവലായ ‘ഉദകപ്പോള’യെ ആസ്പദമാക്കി അദ്ദേഹം തന്നെയാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.1987-ലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ചിത്രം ഇന്നും സിനിമാപ്രേമികളുടെ മനസ്സില്‍ മായാതെ നിറഞ്ഞു നില്‍ക്കുന്നതിനു കാരണവും ആ ഗന്ധര്‍വന്റെ ഓര്‍മ്മകളുടെ അടയാളപ്പെടുത്തല്‍ തന്നെയാണ്.സിനിമയെ പ്രണയിച്ചു നടന്ന നാളുകളില്‍ ഞാനും,സുഹൃത്തുക്കളും ഈ സിനിമയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒരു ചിത്രമേതെന്നു ചോദിച്ചാല്‍ നിസംശയം തൂവാനത്തുമ്പികള്‍ എന്നു പറയാം.ക്ലാര എന്ന നായികയുടെ സാന്നിദ്ധ്യത്തെ മഴയുമായി മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നതിലുള്ള പത്മരാജന്റെ രചനാശൈലി അപാരം തന്നെയാണ്.സിനിമയിലാണെന്ന് വിശ്വസിക്കാന്‍ കഴിയാത്ത വിധമുള്ള കഥാപാത്രങ്ങള്‍ കണ്‍മുന്നിലൂടെ കടന്നു പോകുന്ന അനുവാച്യമായ ഒരനുഭവമാണ് ഈ ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും അനുഭവപ്പെടുന്നത്.അവിടെയാണ് പത്മരാജന്‍ എന്ന തിരക്കഥാകൃത്തും,സംവിധായകനും ഒരുപോലെ വിജയിച്ചിരിക്കുന്നത്..

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മണ്ണാറത്തോടിയിലെ ജയകൃഷ്ണൻ രണ്ടു വേറിട്ട ജീവിതങ്ങൾ നയിക്കുന്ന അവിവാഹിതനായ ചെറുപ്പക്കാരനാണ്.അമ്മയുടെയും,സഹോദരിയുടെയും കൂടെ ഗ്രാമത്തിൽ ജീവിക്കുന്ന തനി നാട്ടിൻപുറത്തുകാരനായ ജയകൃഷ്ണന് മറ്റൊരു മുഖം കൂടിയുണ്ട്.നാട്ടില്‍ പിശുക്കനായ ജയകൃഷ്ണന്‍ പട്ടണത്തിലെത്തിയാല്‍ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുകയാണ്.എന്തിനും തയാറായ വന്‍ സുഹൃത് വലയമാണ് നഗരത്തില്‍ ജയകൃഷ്ണനുള്ളത്.തങ്ങൾ എന്ന ദല്ലാളിലൂടെയാണ് ജയകൃഷ്ണൻ വേശ്യാവൃത്തി സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെട്ട ക്ലാര(സുമലത)യെ പരിചയപ്പെടുന്നത്.ക്ലാരയ്ക്കൊപ്പം ശയിക്കുന്ന ആദ്യ പുരുഷന്‍ താനാണ് എന്ന തിരിച്ചറിവും,കുറ്റബോധവും ജയകൃഷ്ണനെ ക്ലാരയെ തന്നെ വിവാഹം കഴിക്കണം എന്ന ചിന്തയിലെത്തിക്കുന്നു.എന്നാല്‍ വിദഗ്ദമായ ഒഴിഞ്ഞുമാറ്റങ്ങളിലൂടെ ക്ലാര ജയക്രിഷ്ണനില്‍ നിന്നും ഒരകലം സൂക്ഷിക്കുന്നു.ഇടയ്ക്കുള്ള കണ്ടുമുട്ടലുകളിലൂടെ അവരുടെ ബന്ധം കൂടുതല്‍ തീവ്രമാകുന്നു. നാട്ടിൻപുറത്തുകാരിയായ രാധയെ (പാർവ്വതി) ജയകൃഷ്ണൻ സ്നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ക്ലാരയുമായുള്ള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാനും സാധിക്കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യമനസ്സിന് ഒന്നിൽ കൂടുതൽ വ്യക്തികളോട് പ്രണയം സംഭവിക്കാം എന്ന സത്യത്തെയാണ് ഈ ഇരട്ട വ്യക്തിത്വങ്ങളിലൂടെ പത്മരാജൻ ചിത്രീകരിച്ചിരിക്കുന്നത്.

കഥാപാത്രങ്ങള്‍ക്കൊപ്പം മഴയേയും ചേര്‍ത്തു വെച്ച അതിശക്തമായ തിരക്കഥ, പാളിച്ചകളില്ലാത്ത സംവിധാനം,തൃശൂര്‍ ശൈലിയിലുള്ള മോഹന്‍ലാലിന്റെ സംഭാഷണങ്ങള്‍,മോഹൻലാലിന്റെയും സുമലതയുടെയും അപാരമായ അഭിനയം എന്നിവയേറെ പ്രശംസകള്‍ ഏറ്റുവാങ്ങി.പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതസംവിധാനം ചെയ്ത ‘ഒന്നാം രാഗം പാടി’, ‘മേഘം പൂത്തുതുടങ്ങി.എന്നീ മനോഹരഗാനങ്ങളും ഈ ചിത്രത്തെ കൂടുതല്‍ പ്രിയങ്കരമാക്കി.
കാലങ്ങള്‍ കഴിയുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഈ ചിത്രം ഓരോ തവണ കാണുമ്പോഴും എനിക്ക് അനുഭവപ്പെടുന്നത്.ലാലേട്ടന്റെ സിനിമകളില്‍ ഞാനേറ്റവും കൂടുതല്‍ തവണ കണ്ട ചിത്രവും ഇതാണ്.കണ്ടു കഴിയുമ്പോള്‍ എവിടെയോ ഒരു നഷ്ടബോധം വേട്ടയാടുന്നത് പോലെ . ഹൃദയത്തില്‍ ഒരു നോവുന്ന ഓര്‍മയായി ക്ലാരയും ജയകൃഷ്ണനും നിറഞ്ഞു നില്‍ക്കുന്നു . മലയാളിയെ ഇത്രയധികം സ്വാധീനിച്ച ഒരു ചിത്രം വേറെയുണ്ടാകില്ല എന്നുകൂടി പറയാതെ വയ്യ..മഴയും പ്രണയവും പത്മരാജന്റെ പ്രതിഭയും വഴിഞ്ഞൊഴുകിയ അസാധാരണ സൃഷ്ടി കൂടിയാണ് തൂവാനത്തുമ്പികള്‍ ..
ചിത്രം കണ്ടു കഴിയുമ്പോഴോക്കെ ക്ലാര ഒരു നൊമ്പരമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു…ഒപ്പം ക്ലാരയുടെ ഈ ഡയലോഗും :

”എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകാ. ചങ്ങലയുടെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്.”

– അസിം കോട്ടൂര്‍ –

error: Content is protected !!