വിജയചിത്രങ്ങളുടെ കലാസംവിധായകന്‍

വിജയചിത്രങ്ങള്‍ക്ക് കലാസംവിധാനമൊരുക്കി മലയാള സിനിമയില്‍ സജീവമാകുകയാണ് ഷിജി പട്ടണം. പരസ്യ ചിത്രങ്ങള്‍ക്കും, തമിഴ് ചിത്രങ്ങള്‍ക്കും പിന്നില്‍ തിരക്കിലായിരുന്ന ഷിജി വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ‘എബി’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു. ‘എബി’ എന്ന ചിത്രത്തിനായി ഒരുക്കിയ സെറ്റുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഓട്ടോറിക്ഷയെ വിമാനരൂപത്തിലാക്കി പറത്താന്‍ കഴിയും വിധം തയ്യാറാക്കിയ കരവിരുത് ഈ കലാസംവിധായകന് വേറിട്ട സ്ഥാനമാണ് സിനിമാലോകത്ത് നേടികൊടുത്തത്.

‘മികച്ച ഫീൽ ഗുഡ് സിനിമ’ എന്ന അഭിപ്രായത്തോടെ പ്രദർശനം തുടരുന്ന ചിത്രമാണ് സണ്‍‌ഡേ ഹോളിഡേ. ഈ ചിത്രമാണ് ഷിജി കലാസംവിധാനം നിര്‍വ്വഹിച്ച ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.ആസിഫ് അലിയും, അപർണ ബാലമുരളിയും ആണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘ബൈ സൈക്കിൾ തീവ്സ്’ എന്ന ചിത്രത്തിനു ശേഷം ജിസ് ജോയ് ആണ് തിരക്കഥയും ഗാനരചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിജയകരമായി പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നിലും ഷിജി പട്ടണം എന്ന കലാസംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. അത്രയ്ക്ക് മനോഹരമായാണ് ഈ ചിത്രത്തിന്റെ കലാസംവിധാനവും ചെയ്തിരിക്കുന്നത്. ഫ്രെയിം ഭംഗിക്ക് തിരഞ്ഞെടുക്കുന്ന നിറങ്ങളും,നിര്‍മ്മാണങ്ങളുമാണ് ഈ കലാസംവിധായകനെ വ്യത്യസ്തനാക്കുന്നത്. വേറിട്ട കലാസംവിധാന രീതി കൊണ്ടും സെറ്റുകൾ കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന വിജയചിത്രങ്ങളുടെ കലാസംവിധായകനായി മാറിയിരിക്കുകയാണ് ഷിജി പട്ടണം.
മലയാളത്തില്‍ നല്ല സിനിമകളുമായി സജീവമാകുകയാണ് ഈ കൊച്ചിക്കാരന്‍. വിജയചിത്രങ്ങളുടെ ഭാഗ്യമുള്ള ഒരു കലാസംവിധായകൻ..

ബ്രഹ്മാണ്ട ചിത്രങ്ങളുടെ കലാസംവിധായനായ ടി.മുത്തുരാജിനൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുണ്ട് . തമിഴില്‍ വന്‍ വിജയങ്ങളായ അങ്ങാടി തെരു ,യന്തിരന്‍ ,നന്പൻ,പുലി,തെരി ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ക്ക് പിന്നില്‍ ഷിജി പട്ടണം മുഖ്യസഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. യന്തിരന്‍ 2.0 ചിത്രീകരണം നടക്കുന്നതിനിടെ കിട്ടിയ ബ്രേക്കിലാണ് ‘എബി’യുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആകുന്നത്.

‘അപരിചിതന്‍’ എന്ന മലയാള സിനിമയിലൂടെയാണ് സ്വതന്ത്ര ചലച്ചിത്ര കലാസംവിധായകനാകുന്നത്. ‘ബംഗ്ലാവില്‍ ഔത’, ‘പഴശ്ശിരാജ’ ,എം.ടി -ഹരിഹരന്‍ ടീമിന്റെ ‘ഏഴാമത്തെ വരവ്’എന്നീ മലയാള ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും തമിഴിലും പരസ്യ ചിത്രങ്ങളിലും സജീവമാകുകയായിരുന്നു. പരസ്യ ചിത്രങ്ങളിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയനാകുന്നത്. നസറുദ്ധീന്‍ ഷാ നായകനായ ‘വെയിറ്റിംഗ്’ എന്ന ഹിന്ദി ചിത്രത്തിനും കലാസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

അമല്‍ നീരദ് നിര്‍മ്മിച്ച് ആഷിക് അബു സംവിധാനം ചെയ്യുന്ന ‘മായാനദി’,ശരത് അപ്പാനിയെ നായകനാക്കി ഷഫീര്‍ തൈലന്‍ സംവിധാനം ചെയ്യുന്ന ‘അമല’ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ഷിജി ഇപ്പോള്‍..

error: Content is protected !!