കാത്തിരിപ്പുകള്‍ക്ക് വിരാമം, പൂമരം പ്രദര്‍ശനത്തിനൊരുങ്ങുന്നു

കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ‘പൂമരം’ എന്ന സിനിമയുടെ വിവരങ്ങള്‍ പുറത്തു വന്നു. ചിത്രം മാര്‍ച്ച് ഒമ്പതിന് പ്രദര്‍ശനത്തിനെത്തും എന്നാണ് ഒടുവില്‍ കിട്ടുന്ന വിവരങ്ങള്‍. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയ്ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ ആണ് നായകനാകുന്നത്. ഒരു വര്ഷം മുന്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനം വൈറല്‍ ആയി മാറുകയും ചെയ്തു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഈ ഗാനം പത്ത് ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ കണ്ടത്. ഫൈസല്‍ റാസി എന്ന നവാഗതനാണ് ഈ ഗാനം ഈണം നല്‍കി പാടിയിരിക്കുന്നത്. കലാലയ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുന്നവരിലേറെയും പുതുമുഖങ്ങളാണ്. വലിയ കാന്‍വാസിലുള്ള ചിത്രമായതിനാല്‍ സമയം എടുത്താണ് ചിത്രീകരണം നടത്തുന്നത്. അതാണ്‌ ചിത്രം നീണ്ടുപോകാനുള്ള കാരണം എന്നാണ് അണിയറക്കാര്‍ പറയുന്നത്. കുഞ്ചാക്കോ ബോബനും,മീരാ ജാസ്മിനും അതിഥി താരങ്ങളായി ചിത്രത്തിലുണ്ട്. ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ ,’എന്റെ വീട് അപ്പൂന്റേം’ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി മലയാളികളുടെ മനം കീഴടക്കിയ കാളിദാസന്‍ നായകനാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് പൂമരം. ‘മീന്‍ കുഴമ്പും, മണ്‍ പാനയും’ എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു.

error: Content is protected !!