ഒഴുകി തീരാതെ മായാനദി ( റിവ്യൂ )

ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് മായാനദി. അവിടെ പ്രണയം കൊണ്ട് കലഹിക്കുന്ന മാത്തന്റെയും,അപ്പുവെന്ന അപര്‍ണയുടെയും കഥയാണ്‌ ആഷിക് അബു പറയുന്നത്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ ഒരു നോവായി മാത്തനും അപര്‍ണയും തങ്ങി നില്‍ക്കുന്നു. മാത്തന്റെയും അവന്റെ പ്രിയപ്പെട്ട അപ്പുവിന്റെയും പ്രണയമാണ് മായാനദി. പ്രണയവും സൗഹൃദവും സാഹചര്യങ്ങളും തീര്‍ക്കുന്ന പച്ചയായ ജീവിതമുഹൂര്‍ത്തങ്ങളില്‍ ഇണങ്ങിയും പിണങ്ങിയും മാത്തനും അപ്പുവും കലര്‍പ്പില്ലാത്ത കഥാപാത്രങ്ങളായി ആസ്വാദകര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. യുവതാരം ടോവിനോയും ഐശ്വര്യയുമാണ്‌ മാത്തനായും അപര്‍ണയായും അഭിനയിക്കുന്നത്.

നെടുനീളന്‍ സംഭാഷണങ്ങളും സംഘര്‍ഷങ്ങളും ഈ ചിത്രത്തിലില്ല. ലളിതമായ കഥയ്ക്ക് അനുയോജ്യമായ സംഭാഷണങ്ങളും ചിത്രീകരണവും കൊണ്ട് സമ്പന്നമാണ് മായാനദി. ശക്തമായ തിരക്കഥയെ മികച്ച ചിത്രീകരണം കൊണ്ടും സംവിധാനം കൊണ്ടും മികവുറ്റതാക്കാന്‍ ക്യാമറാമാന്‍ ജയേഷ് മോഹനും,ആഷിക് അബുവിനും കഴിഞ്ഞു. ശ്യാം പുഷ്ക്കരന്‍ ദിലീഷ് നായര്‍ കൂട്ടുകെട്ടാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വളരെ മനോഹരമായാണ് ജയേഷ് മോഹന്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രണയവും സംഘര്‍ഷവും,രതിയും രാത്രിയും ജയേഷ് മോഹന്റെ ക്യാമറകണ്ണില്‍ വിസ്മയം തീര്‍ത്തിരിക്കുന്നു.

ചിത്രത്തിന്റെ കലാസംവിധാനവും എടുത്തു പറയേണ്ടത് തന്നെയാണ്. നായികയുടെ ഫ്ലാറ്റും വീടും ചുറ്റുവട്ടവും കടകളും സെറ്റാണ് എന്ന് തോന്നിപ്പിക്കാത്ത വിധം കയടക്കത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. രംഗങ്ങള്‍ക്ക് അനുയോജ്യമായ ആവശ്യമുള്ള സംഗതികള്‍ മാത്രമാണ് കലാസംവിധാനത്തിനായി ഉപയോഗിച്ചിട്ടുള്ളത്. കഥയ്ക്കും സാഹചര്യങ്ങള്‍ക്കും വേണ്ടി എന്നാല്‍ ഒരു സെറ്റാണ് എന്ന് ഓര്‍മ്മിപ്പിക്കാത്തവിധം കലാസംവിധാനം ഒരുക്കിയിരിക്കുന്നത് ഷിജി പട്ടണം ആണ്. ‘എബി’, ‘സണ്‍‌ഡേ ഹോളിഡേ’ എന്നീ മലയാള സിനിമകളിലൂടെ വേറിട്ട കലാസംവിധാന രീതി കൊണ്ട് ഷിജി സിനിമാസ്വാദകരെ ഞെട്ടിച്ചിട്ടുണ്ട്. കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തില്‍ രംഗസജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ 100% കലാസംവിധായകന്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

സജി ശ്രീധരന്റെ ചിത്രസംയോജനവും മികച്ചതാണ്. റെക്സ് വിജയന്റെ സംഗീതവും മായനദിയുടെ ഒഴുക്കിന് ശക്തി കൂട്ടുന്നു. ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചത് തന്നെയാണ്. സിനിമയുടെ ഒഴുക്കിനൊപ്പം പ്രേക്ഷനെയും പിടിച്ചിരുത്താന്‍ സംഗീത സംവിധായകന് കഴിഞ്ഞു. വളരെ ബോള്‍ഡ് ആയ എന്നാല്‍ തന്റേതായ അഭിപ്രായങ്ങളുള്ള,വികാരങ്ങളുള്ള അപര്‍ണ്ണ എന്ന പെണ്‍കുട്ടിയായാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്. വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്. മാത്തന്‍ എന്ന വേഷം ടോവിനോയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ്. അത്രയധികം റിയലിസ്റ്റിക്കായി ടോവിനോ മാത്തനായി ജീവിക്കുകയായിരുന്നു. പ്രണയവും ലൈംഗികതയും ലിപ്ലോക്ക് ചുംബനവും തുറന്നു സമീപിക്കുന്ന വല്ലാത്തൊരു കാഴ്ചാനുഭവം തന്നെയാണ് മായാനദി. മലയാള സിനിമയുടെ ഫ്രെയിമുകളില്‍ അത്ര കടന്നുവരാത്ത ഇത്തരം തീവ്രമായ പ്രണയരംഗങ്ങള്‍ വല്ലാത്ത ഫീലാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. വളരെ സ്വാഭാവികമായ സംഭാഷണങ്ങളും രംഗങ്ങളും എന്നതാണ് മറ്റൊരു പ്രത്യേകത.വാക്കുകള്‍ക്കതീതമായ മികച്ചൊരു ഫീല്‍ഗുഡ് സിനിമയാണ് മായാനദി. ചിത്രം കണ്ടിറങ്ങിയിട്ടും കഥാപാത്രങ്ങള്‍ മനസ്സില്‍ നിന്നും ഇറങ്ങിപോകുന്നില്ല. ഒരു നൊമ്പരമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു..

error: Content is protected !!