ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ചതന്നെ അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗം ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അടിയന്തരപ്രാധാന്യമുള്ള കേസല്ല ഇതെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ പറഞ്ഞു.
കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് വ്യാഴാഴ്ച വാദംകേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ദിലീപിനുവേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ തിങ്കളാഴ്ച രാവിലെയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ദിലീപിനെതിരെ തെളിവുകളൊന്നുമില്ലെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണെന്നും ഹര്‍ജിയില്‍പറയുന്നു. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്. അതിനാല്‍ ദിലീപിന് ജാമ്യം നല്‍കണമെന്നാണ് ജാമ്യാപേക്ഷയിലെ വാദം. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്.

error: Content is protected !!