tisfa – 2018 അവാര്‍ഡ് വിതരണം ഒക്ടോബറില്‍

കൊച്ചി : കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത എന്റർടെയ്ൻമെന്റ് ഗ്രൂപ്പായ ബ്ലൂ സഫയർ ഏർപ്പെടുത്തിയ ടോറാന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ Tisfa ഫൗണ്ടറും ബ്ലൂ സഫയർ എന്റർടെയ്ൻമെന്റ് സി.ഈ.ഒയുമായ ശ്രീ. അജീഷ് രാജേന്ദ്രനാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. മലയാളം, തമിഴ് സിനിമാ വിഭാഗങ്ങളിലായി 25 കാറ്റഗറിയും, 5 സ്‌പെഷ്യൽ ജൂറി ഉൾപ്പടെ മുപ്പത് അവാർഡുകളാണ് പ്രഖ്യാപിച്ചത്. ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് ഫാസിൽ മികച്ച നടനായും, നിമിഷ സജയൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ സജീവ് പാഴൂർ മികച്ച തിരക്കഥാകൃത്തായും, ദിലീഷ് പോത്തൻ മികച്ച സംവിധായകനായും മാറി. മികച്ച ചിത്രവും ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ തന്നെയാണ്. മൊത്തം അഞ്ച് അവാർഡുകളാണ് ഈ ചിത്രം നേടിയത്.

‘പുണ്ണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’, ‘ആട്‌-2’ എന്നീ ചിത്രങ്ങളിലെ ഗംഭീരപ്രകടനത്തിലൂടെ ജയസൂര്യ മികച്ച ജനപ്രിയ താരമായി മാറി. തമിഴ് കാറ്റഗറിയിൽ മികച്ച നടനായി പ്രേക്ഷകാംഗീകാരം നേടിയത് വിജയ് സേതുപതിയാണ്. ‘വിക്രംവേദ’ എന്ന ചിത്രത്തിലെ ഉജ്ജ്വല പ്രകടനമാണ് വിജയ് സേതുപതിയെ അവാർഡിന് അർഹനാക്കിയത്. ‘അരുവി’ എന്ന ചിത്രത്തിലൂടെ അതിദി ബാലൻ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ടോറോന്റോയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

മലയാളത്തിലും തമിഴിലുമായി കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. സൗത്ത് ഏഷ്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രമുഖ വിദേശ എന്റർടൈൻമെന്റ് കമ്പനി ലോകമൊട്ടാകെയായി ഓൺലൈൻ വോട്ടിങ്ങിലൂടെയും നോമിനേഷൻ കാറ്റഗറിയുടെയും അടിസ്ഥാനത്തിൽ വിജയികളെ കണ്ടെത്തുന്നത്. ഓൺലൈൻ വോട്ടിങ്ങിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അന്തിമ വിധിനിർണ്ണയം പൂർത്തിയാക്കിയത്.
ഈ വർഷം ഏപ്രിൽ 1 മുതൽ മേയ് 15 വരെ നീണ്ടു നിന്ന ഓൺലൈൻ വോട്ടെടുപ്പിൽ ലോകത്തിന്റെ പല ഭാഗത്ത് നിന്നും സിനിമാസ്വാധകർ ഒരുപോലെയാണ് പങ്കെടുത്തത്. കൂടാതെ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണവും പിന്തുണയും ലഭിച്ചു.

ഓരോ കാറ്റഗറിയിലും മികച്ച രീതിയിലുള്ള വോട്ടിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ വോട്ടിംഗ് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം നടന്ന ജഡ്ജിംഗ് അസ്സസ്‌മെന്റും കഴിഞ്ഞശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്. ടോറോന്റോയുടെ ചരിത്രത്തിൽ ആദ്യമായാണ് അന്താരാഷ്ട്രതലത്തിൽ ഓൺലൈൻ വോട്ടിംഗിലൂടെ പൊതുജന പങ്കാളിത്വത്തോടെ മികച്ച സിനിമാപ്രവർത്തകരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബറില്‍ കാനഡയില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും..

മറ്റ് അവാർഡുകൾ..

മികച്ച പുതുമുഖ നടൻ : ആന്റണി വർഗ്ഗീസ് ( ചിത്രം : അങ്കമാലി ഡയറീസ്)
മികച്ച പുതുമുഖ നടി : ഐശ്വര്യ ലക്ഷ്മി ( ചിത്രം : മായാനദി )
മികച്ച ഛായാഗ്രഹകൻ : ലിറ്റിൽ സ്വയംമ്പ് ( ചിത്രം : പറവ)
മികച്ച പുതുമുഖ സംവിധായകൻ : സൗബിൻ ഷാഹിർ ( ചിത്രം : പറവ )
മികച്ച സംഗീത സംവിധായകൻ : സൂരജ് എസ് കുറുപ്പ് ( ചിത്രങ്ങൾ : സോളോ, അലമാര )
മികച്ച ഗായകൻ : അഭിജിത്ത് വിജയൻ ( ചിത്രം : ആകാശ മിഠായി)
മികച്ച ഗായിക : ശ്വേത മോഹൻ (ചിത്രം : മുന്തിരിവള്ളികൾ തളിർക്കുമ്പോൾ )
മികച്ച സഹനടൻ : കലാഭവൻ ഷാജോണ് (ചിത്രങ്ങൾ : ആകാശമിഠായി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഒരു മെക്സിക്കൻ അപാരത, രാമലീല)
മികച്ച സഹനടി : ലെന ( ചിത്രങ്ങൾ : ആദം ജുവാൻ, വിമാനം)

മലയാളം സ്‌പെഷ്യൽ ജൂറി അവാർഡുകൾ

സലിം കുമാർ (സംവിധാനം) : ചിത്രം : കറുത്ത ജൂതൻ

ആസിഫ് അലി ( അഭിനയം) : ചിത്രം: കാറ്റ്
കുനാൽ കപൂർ (അഭിനയം) : ചിത്രം : വീരം
സുരഭി ലക്ഷ്മി (അഭിനയം) : ചിത്രം : മിന്നാ മിനുങ്ങ്

മലയാളം നോമിനേഷൻ കാറ്റഗറി
മികച്ച സംവിധായകൻ : ചന്ദ്രൻ നരീക്കോട് (ചിത്രം: പാതി)

തമിഴ് സിനിമ കാറ്റഗറി

മികച്ച ചിത്രം : കുരങ്ങു ബൊമ്മെ
മികച്ച സംവിധായകൻ : അരുൺ പ്രഭു ( ചിത്രം – അരുവി)
മികച്ച സംഗീത സംവിധായകൻ : ഡി. ഇമ്മാൻ (ചിത്രങ്ങൾ : കറുപ്പൻ, ബോഗൻ, ശരവൻ ഇറുക്കെ ഭയമേൻ)
മികച്ച ഗായകൻ : സിദ് ശ്രീറാം (ചിത്രം : എന്നെ നോക്കി പായും തോട്ട)
മികച്ച ഗായിക : ലുക്ഷ്മി ശിവനേശ്വര ലിംഗം ( ചിത്രം : ബോഗൻ)
മികച്ച സഹനടൻ : ഭാരതി രാജ (ചിത്രം : കുരങ്ങു ബൊമ്മെ)
മികച്ച സഹനടി : നിത്യ മേനോൻ ( ചിത്രം : മെർസൽ)

തമിഴ് സ്‌പെഷ്യൽ ജൂറി അവാർഡ്

രമ്യാകൃഷ്ണൻ ( അഭിനയം) : ചിത്രം : ബാഹുബലി

error: Content is protected !!